റാങ്ക് ലിസ്‌റ്റിൽ അപാകതയുണ്ടെന്ന് സംശയം : പൊലീസ് ലിസ്‌റ്റിലെ നിയമനങ്ങൾക്ക് ഇടക്കാല സ്‌റ്റേ
കേരള പൊലീസ് ഏഴാം ബറ്റാലിയനിലെ നിയമനങ്ങൾക്ക് വേണ്ടി പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റിൽ അപാകതയുണ്ടെന്ന സംശയത്തെ തുടർന്ന് പ്രസ്‌തുത ലിസ്‌റ്റിൽ നിന്നുള്ള നിയമനങ്ങൾക്ക് താത്‌കാലിക സ്‌റ്റേ. ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് 10 വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ തുടർന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റേതാണ് വിധി.
തങ്ങളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കണം ലിസ്‌റ്റിലെ നിയമനമെന്നും ഉത്തരവിൽ പറയുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികൾ ഉൾപ്പെട്ട റാങ്ക് ലിസ്‌റ്റാണിത്. എന്നാൽ കോളേജിലെ സംഭവം ഉണ്ടാകുന്നതിന് മുമ്പ് ജൂലായ് അഞ്ചിനാണ് ട്രൈബൂണൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
അതേസമയം, യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൗരവതരമാണെന്ന് സർവകലാശാല വൈസ് ചാൻസലർ വി.പി.മഹാദേവൻ പിള്ള പറഞ്ഞു. ചോദ്യപേപ്പറുകൾ സൂക്ഷിക്കേണ്ടത് അതത് സെന്ററുകളിൽ തന്നെയാണ്. ഇക്കാര്യത്തിൽ വീഴ്‌ചയുണ്ടായത് അന്വേഷിക്കും. യൂണിവേഴ്സിറ്റി കോളേജിൽ അടുത്തിടെ നടന്ന പരീക്ഷകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ എന്നിവർ മൊഴി നൽകി.
അഖിലിനെ മർദ്ദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ശിവരഞ്ജിത്ത് കുത്തുമെന്ന് കരുതിയില്ല. ക്ലാസ്സിൽ കയറുന്നതു സംബന്ധിച്ച് അഖിലുമായി നേരത്തേ തർക്കമുണ്ടായിരുന്നു. പിന്നീടാണ് പാട്ടു പാടിയതിനെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇതാണ് സംഘർഷത്തിലെത്തിയതെന്നും മൂവരും കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി. അഖിലിനെ കുത്തിയത് താൻ തന്നെയാണെന്ന് ശിവരഞ്ജിത്തും മൊഴി നൽകിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിന് കാരണമായതെന്നും പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.